ഞാനറിഞ്ഞ ഉപ്പ : ABU ZAKARIYYAA BAHEEJ
بِسمِ الله الرَّحمَٰنِ الرَّحِيم
📝 ഞാനറിഞ്ഞ ഉപ്പ
🖊 അബൂ സകരിയ്യ ബഹീജ്
” സ്വലാഹീ… ” എന്ന് നിങ്ങൾ സ്നേഹത്തോടെ വിളിച്ചപ്പോ , ” ഉപ്പാ “* എന്ന് ഞാൻ സ്നേഹത്തോടെ വിളിച്ചു. നിങ്ങൾക്കൊരു ഉസ്താദ് മാത്രമായിരുന്നെങ്കിൽ , എനിക്കൊരു ഉപ്പയും കൂടിയായിരുന്നു .അറിവന്വേഷിച്ചുള്ള തിരക്കുകൾക്കും , യാത്രകൾക്കുമിടയിലും കുടുംബ വിഷയത്തിൽ യാതൊരു വീഴ്ചയും ഉപ്പ വരുത്തിയിരുന്നില്ല. ജീവിതം മുഴുവൻ തൗഹീദിനും , സുന്നത്തിനും, സലഫിയ്യത്തിനും വേണ്ടി നിലകൊണ്ടതിനാൽ ധാരാളം പാഠങ്ങൾ ഞാൻ ഉപ്പയിൽ നിന്നറിഞ്ഞു. അവയിൽ ചിലത് താഴെ കുറിക്കട്ടെ …
ആദ്യം തൗഹീദ്
അമ്പിയാക്കളുടേയും , മുർസലുകളുടേയും ദഅവത്തിന്റെ പ്രധാന വിഷയം തൗഹീദാണല്ലോ ..
നമ്മൾ ആദ്യമായി ദഅവത്ത് ചെയ്യേണ്ടതും അതിലേക്കാണല്ലോ … ഇതേ രീതിയായിരുന്നു കേരളത്തിലെ സലഫികൾക്കുമുണ്ടായിരുന്നത് , അതേ പാത പിൻതുടർന്ന് വാപ്പയും തൗഹീദിലേക്കുള്ള ക്ഷണമാരംഭിച്ചു . ചെറുപ്രായം മുതൽ തന്നെ തൗഹീദിന്റെ ബാലപാഠങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു , അന്ന് പ്രായം 13 ആയിരുന്നു .
പിന്നീട് കുറച്ചു കൂടി ആഴത്തിൽ തൗഹീദിനെ ക്കുറിച്ചും , ശിർക്കിന്റെ അപകടത്തെക്കുറിച്ചും പഠിച്ചതിനു ശേഷം ജനങ്ങളെ അതിലേക്ക് ക്ഷണിക്കുന്നതിലേക്കുന്നതിൽ മുഴുകുകയായിരുന്നു വാപ്പ . തൗഹീദിന്റെ വിഷയത്തിൽ ഒരു ലവലേഷം അഡ്ജസ്റ്റ്മെന്റിനും വാപ്പ തയ്യാറായിരുന്നില്ല , ശിർക്കിന്റെ കോട്ടകളിൽ ഒരുത്തനേയും ഭയക്കാത്ത ആ ധീരതയുള്ള ശബ്ദം എന്നും സലഫികൾക്കൊരു ആയുധമായിരുന്നു .
ശിർക്ക് – ബിദ്അത്ത് മുന്നണിക്കാരുടെ കുതന്ത്രങ്ങളും ,ദുർവ്യാഖ്യാനങ്ങളും വെട്ടിനിരത്തി, യഥാർത്ഥ പ്രമാണങ്ങൾ കയ്യിൽ കൊടുത്ത നിരവധി സംവാദങ്ങൾക്കും , മുഖാമുഖങ്ങൾക്കും , ഖണ്ഡനങ്ങൾക്കും കേരള മണ്ണ് സാക്ഷിയായതാണ് .വാപ്പ കാരണം പലരും തൗഹീദിന്റെ വഴിയിലെത്തിയെന്നറിയുമ്പോ , ഈ ദുൻയാവിൽ അതിനേക്കാൾ വലിയൊരു സമ്പാദ്യമില്ലല്ലോ .. അവരെല്ലാം തൗഹീദിൽ ജീവിച്ചിരിക്കുന്ന കാലമത്രയും ബാപ്പന്റെ ക്വബറിലേക്ക് പ്രതിഫലം വരുമല്ലോ , അല്ലാഹു അമലുകളെല്ലാം സ്വീകരിക്കുമാറാകട്ടെ , ആമീൻ
തൗഹീദിലേക്ക് ക്ഷണിക്കുന്ന ഏതൊരാളേയും , ശിർക്കൻ മുന്നണികൾ അക്രമിച്ച് മൂലക്കിരുത്താൻ ശ്രമിക്കാറുണ്ട് ,എന്നാൽ കാര്യം നേരെ തിരിച്ചാണ് ഉണ്ടാവാറ് , മൂലക്കിരുന്നവർ പോലും ശക്തമായി രംഗത്തു വന്നതാണ് ചരിത്രം.
എടുത്തു പറയാൻ ധാരളം സംഭവങ്ങൾ വാപ്പയുടെ ജീവിതത്തിലുണ്ട് , അവയിൽ എനിക്കനുഭവമുള്ള ഒന്നു മാത്രം പറയാം : ലക്ഷദീപിലേക്ക് വാപ്പയുടെ കൂടെ മുജാഹിദ് സമ്മേളനത്തിനു വേണ്ടി പോയപ്പോൾ ആദ്യ ദിവസം ധാരാളം ജാറങ്ങളുള്ള ആന്ത്രോത്ത് ദ്വീപിൽ വാപ്പയുടെ ഒരു തൗഹീദീ പ്രഭാഷണമുണ്ടായിരുന്നു. പ്രഭാഷണമാരംഭിച്ച് 15 മിനുട്ടിനുള്ളിൽ ശിർക്കൻ മുന്നണികളുടെ ഹാലിളകുകയും , വലിയ വലിയ കോൺഗ്രീറ്റ് കട്ടകൾ തുര തുരാ യായി സദസ്ലിലേക്ക് എറിയുകയും , കുറച്ചാളുകൾക്ക് നല്ല പരിക്ക് പറ്റുകയുമുണ്ടായി . വാപ്പ പ്രസംഗം തുടരുകയും , എതിരാളികൾ നിരാശരായി മടങ്ങുകയുമാണുണ്ടായത് .
ഇതേ പോലെ ഞാനറിയാത്ത എത്ര എത്ര സംഭവങ്ങൾ ..
സുന്നത്ത് പുലർത്തുന്നതിലെ കണിശത
നബിയുടെ സുന്നത്ത് പറയുന്നതിലും, പ്രവർത്തിക്കുന്നതിലും , ആളുകളിലേക്ക് അതെത്തിക്കുന്നതിലും വളരെയധികം ആവേശമായിരുന്നു ഉപ്പാക്ക് . *” തൊട്ടിൽ ” മുതൽ ” ഖബർ ” വരെ സുന്നത്തിൽ മാത്രം.* ഇതായിരുന്നു വാപ്പാന്റെ നിർബന്ധ ബുദ്ധി. ജനങ്ങൾക്കിടയിൽ ഹദീസുകളോടും , സുന്നത്തിനോടും ഒരു തരം വെറുപ്പ് ചിലർ ഇളക്കിവിട്ടപ്പോൾ കേരളമൊട്ടാകേ ഹദീസിന്റേയും, സുന്നത്തിന്റേയും പ്രാമാണികത വ്യക്തമാക്കാനും , ഖുർആനും സുന്നത്തും സ്വീകരിക്കുന്നതിലും , അമൽ ചെയ്യുന്നതിലും സലഫുകളുടെ മാർഗ്ഗം നാം പിന്തുടരൽ അത്യാവശ്യമാണെന്നും, കുറേ കാലയളവ് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയുമായിരുന്നു ഉപ്പയുടെ ആദ്യപടി. ഇതിനായി കേരളം മുഴുവൻ രാപകൽ വ്യതാസമില്ലാതെ നൂറുക്കണക്കിന് ദർസുകൾ എടുത്തു .
വീട്ടിൽ വന്ന പലരും ഞങ്ങളോട് പറയുന്നത്
” ഞാൻ താടി വടിക്കൽ നിർത്താൻ കാരണം സ്വലാഹിയാ ”
” കേരളത്തിലെ എല്ലാ സലഫി വീടുകളിൽ നിന്നും വാപ്പാക്ക് പ്രതിഫലം കിട്ടുന്നുണ്ട്, അത് മാത്രം പോരേ ഉപ്പാക്ക് ” “ഞങ്ങൾക്ക് സുന്നത്തിനോട് ഇഷ്ട്ടം തോന്നാൻ അല്ലാഹു കാരണക്കാരനാക്കിയതും നിങ്ങളുടെ വാപ്പയെയാണ് ”
ഇങ്ങനെ പലരും പല അനുഭവങ്ങളും , മാറ്റങ്ങളും പറയുന്നു . അല്ലാഹുവേ അവർ ചെയ്യുന്ന സൽകർമ്മങ്ങളുടെ ഒരോഹരി വാപ്പക്കും നൽകേണമേ – ആമീൻ .
الدَّالُّ عَلَى الْخَيْرِ كَفَاعِلِهِ
ഒരു നന്മയറിയിച്ചു കൊടുക്കുന്നവൻ അത് പ്രവർത്തിച്ചവനപ്പോലെയാണല്ലോ …:
പിന്നീട് സുന്നത്തിൽ നിന്ന് ജനങ്ങൾ വളരെയധികം പിന്നോട് പോയ വിഷയങ്ങളിലും , ജനങ്ങൾക്കിടയിൽ മാഞ്ഞു പോയ സുന്നത്തുകളുടെ കാര്യത്തിലും ജനങ്ങളിൽ താൽപ്പര്യം ഉണ്ടാക്കുന്നതിൽ പ്രത്യേകമായ ഉത്സാഹമായിരുന്നു ഉപ്പാക്ക് . അതിനു വേണ്ടി മാത്രം ധാരാളം ക്ലാസുകളെടുക്കുമായിരുന്നു . ആറ് വർഷങ്ങൾക്ക് മുമ്പ് വരെ ഇരഞ്ഞിൻകീഴിലെ പള്ളിയിൽ ഇശാഅ നിസ്കാര ശേഷം ഇടക്കിടക്ക് ഹദീസ് ക്ലാസെടുക്കലും വാപ്പയുടെ പതിവായിരുന്നു , അതിലധികവും സുന്നത്തിലേക്ക്
പ്രേരണ നൽകുന്നവയായിരുന്നു . ഇമാം അൽബാനിയുടെ ” സ്വിഫതു സ്വലാതി നബി ” എന്ന ഗ്രന്ഥമാണ് അധികവും ക്ലാസെടുക്കാറ് , ഒരിക്കൽ സ്വഫ് ശരിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹദീസ് വിശദീകരിക്കുന്ന വേളയിൽ സദസ്സിൽ നിന്ന് ചിലർ ഉറക്കെ പരിഹസിച്ചതും , ഹദീസുകളെ കളിയാക്കിയതും ഉപ്പയെ അന്ന് വല്ലാതെ വേദനിപ്പിച്ചു. സുന്നത്തുകൾക്കു നേരെ ഇത്തരം പരിഹാസങ്ങളും , കുത്തുവാക്കുകളും ശത്രുക്കളിൽ നിന്ന് വർധിക്കുതോറും , ഇൽമിന്റേയും , തെളിവിന്റേയുമിടസ്ഥാനത്തിൽ ഉറച്ച മനക്കരുത്തോടെ അവരുടെ ആക്ഷേപങ്ങളുടെ നിരർത്ഥകത ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിൽ എന്നും ആവേശമാണ് ഉപ്പാക്ക് – അല്ലാഹു എല്ലാം സ്വീകരിക്കുമാറാകട്ടെ – . സുന്നത്തിനെ പരിഹസിക്കുന്നവർക്കെതിരിൽ ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകിയത് വാപ്പയെ അവർക്കിടയിൽ ഒരു എതിർക്കപ്പെട്ടവനായി തോന്നിച്ചേക്കാം . തത്ഫലമായി ധാരാളം പരിഹാസ നാമങ്ങളും , വിശേഷണങ്ങളുമായി അവർ വാപ്പയെ വിളിച്ചു. ഇതെല്ലാം ഹഖ് പറഞ്ഞതിന്റെ പേരിലായത് കൊണ്ടു മാത്രമാണെന്നോർക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരാശ്വാസം , കാരണം അതിനും റബ്ബിന്റെയെടുക്കൽ പ്രതിഫലമുണ്ടല്ലോ…
ഇൽമ് നേടാനുള്ള ത്യാഗം
ചെറുപ്പം മുതലേ എഴുത്തും, വായനയും , പ്രസംഗങ്ങളുമായി ഇൽമ് നേടാനുള്ള വഴിയിൽ ഉപ്പ പ്രവേശിച്ചിരുന്നു . പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് അന്ന് കാലങ്ങളിൽ ഇൽമ് നേടാൻ വളരെയധികം കഷ്ട്ടപ്പാടുകൾ വാപ്പ സഹിച്ചിരുന്നു .കാലം കഴിയുംതോറും ഇൽമ് നേടാനുള്ള സൗകര്യങ്ങളും , സാഹചര്യങ്ങളും വർധിച്ചുവരികയും ,” ഇൽമ് ” എന്നത് വിശാലമായ ഒരു സമുദ്രമാണെന്നും അതിൽ എനിയും ധാരാളം മുന്നോട്ട് പോകാനുണ്ടെന്നുള്ള സത്യ സന്ധമായ തിരിച്ചറിവുമാണ് വാപ്പയെ വീണ്ടും പഠന രംഗത്തേക്ക് നയിച്ചത് . അതിനു വേണ്ടി ധാരാളം പുസ്തകങ്ങൾ വായിച്ചും , ശേഖരിച്ചും, നിരവധി യാത്രകൾ ചെയ്തും പരിശ്രമിച്ചിട്ടുണ്ട് .
പഠനത്തിനായ് സൗദിയിലേക്ക് ഉപ്പ ആദ്യമായി പുറപ്പെടുമ്പോൾ പ്രായം 46 കഴിഞ്ഞിരുന്നു , ചിലരൊക്കെ അന്ന് കുറച്ച് കടുപ്പത്തിൽ ഉപ്പയോട് ചോദിക്കുമായിരുന്നു : *” സക്കരിയ്യാ അന്റെ പഠിപ്പ് ഇഞ്ഞും കഴിഞ്ഞിലേ..? ” അനക്ക് ഇഞ്ഞ് എന്ത് പഠിക്കാനാ …? ” ” ഈ വയസ്സാം കാലത്താണോ അന്റെ പഠിപ്പ് ..? ” എടാ മരിക്കോളം പഠിക്കണം , അതാണിന്റെ ആഗ്രഹം “* നിറ പുഞ്ചിരിയോടെ ഉപ്പ അവരോട് തിരിച്ചു പറയുമായിരുന്നു.
അങ്ങിനെ മക്കയിൽ പോയി അവിടെ അറിയപ്പെടുന്ന മുതിർന്ന ശൈഖ്മാരുടെ ദർസുകളിൽ ഒരു ചെറു വിദ്യാർത്ഥിയായി വാപ്പയും ഇരുന്നു. അന്ന് എനിക്കും വല്ലാത്തൊരഭിമാനമായിരുന്നു . ആരെങ്കിലും വാപ്പ നെക്കുറിച്ച് ചോദിച്ചാ ഞാൻ അഭിമാനത്തോടെ പറയുമായിരുന്നു : *” ഉപ്പ മക്കത്ത് പഠിക്കാ.. “.*
അങ്ങിനെ കുറച്ച് കാലം ഉപ്പ നന്നായി പഠിച്ചു . അപ്പോഴും ഞങ്ങളുടെ കാര്യങ്ങൾ നോക്കിയത് ഉപ്പയായിരുന്നു , അതിനായി ഹറമിൽ രാവിലെ മുതൽ ഉച്ചവരെ ഉപ്പ ജോലിയും ചെയ്തിട്ടുണ്ട് . ബാക്കിയുള്ള സമയം മറ്റു ദർസുകളിൽ പങ്കെടുക്കാനുള്ള ഉപ്പയുടെ ആവേശവും , കൃത്യതയും ഞാൻ നേരിട്ടനുഭവിച്ചിട്ടുണ്ട് .പിന്നീട് കുറച്ച് കാലങ്ങൾക്കു ശേഷം ചില സങ്കേതിക പ്രശ്നങ്ങളും , ശാരീരിക പ്രശ്നങ്ങളും കാരണം ഉപ്പ സൗദിയിൽ നിന്ന് തിരിച്ചു . നാട്ടിലെത്തിയതിനു ശേഷവും ശൈഖ്മാരുടെ കിതാബുകൾ വായിച്ചും, ദർസുകൾ കേട്ടും ഉപ്പ ഇൽമിന്റെ വഴിയിൽ തുടർന്നു കൊണ്ടേയിരുന്നു . അപ്പോഴും ഒരു തലമുതിർന്ന പണ്ഡിതന്റെ കീഴിൽ നിന്ന് പഠിക്കാൻ വല്ലാത്ത കൊതിയായിരുന്നു ഉപ്പാക്ക് .
കിതാബുകൾ ധാരാളമായി ശേഖരിക്കാൻ ഉപ്പ വലിയൊരു ലെബ്രറി തന്നെ ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കിയിരുന്നു . വ്യത്യസ്ത മേഖലകളിലുള്ള ( അഖീദ , ഫിഖ്ഹ് , തഫ്സീർ , താരീഖ് , ഫതാവ , മൻഹജ് ,ശുറൂഹാത്തുൽഹദീസ് , ഉസൂലുൽ ഹദീസ് , അറബി ഭാഷ , ……) ഒരു ഇൽമിന്റെ സമുദ്രം തന്നെയായിരുന്നു അത് . ലെബ്രറിയിൽ ഉള്ള ഓരോ പുസ്തകങ്ങളുടേയും സ്ഥാനം പോലും ഉപ്പാക്ക് തെറ്റുമായിരുന്നില്ല .
ഉപ്പ മക്കത്തുള്ളപ്പോൾ ചിലയവസരങ്ങളിൽ കിതാബ് ഇവിടുന്ന് കൊടുത്തയക്കാൻ പറയുമ്പോൾ , കിതാബിന്റെ നിറവും , അത് ഏത് അലമാരയിലാണെന്നും , അലമാരയിൽ എവിടെയാണെന്നുമെല്ലാം വളരെ കൃത്യതയോടെ വാപ്പ പറയുമായിരുന്നു . കിതാബുകളുമായുള്ള വാപ്പയുടെ ബന്ധം അത്രമേൽ വലുതായിരുന്നു .
” മോനേ …. ഇതൊക്കെ വാപ്പ ചെയ്യ്ണത് വരും തലമുറക്ക് വേണ്ടിട്ടാ … അതോണ്ട് ഇപ്പാന്റെ കുട്ടി ഇപ്പാനെക്കാളും പഠിച്ച് ഇതൊക്കെ സൂക്ഷിക്കണട്ടോ “* ഈ ഒരു വസിയ്യത്ത് വാപ്പ പല തവണ എന്നോടായി പറഞ്ഞത് ഞാനോർക്കുന്നു . ഈയൊരു വസിയ്യത്താണ് എന്നെ ആദ്യകാലങ്ങളിൽ ഇൽമ് പഠിക്കാൻ പ്രോത്സാഹിപ്പിച്ചത് .അല്ലെങ്കിലും അറിവുള്ളവർ വിട്ടേച്ച് പോവുന്നത് ഇൽമാണല്ലോ…..
ഉപ്പ എന്നും വായനയെ ഇഷ്ട്ടപ്പെട്ടിരിന്നു , എവിടേക്ക് യാത്ര തിരിക്കുമ്പോളും കയ്യിലൊരു കിതാബ് നിർബന്ധമായും കൊണ്ടു പോകുമായിരുന്നു .ഒഴിവു സമയങ്ങൾ തീരെയില്ല, വായന , എഴുത്ത് , ചർച്ചകൾ , ദർസുകൾ , ദീനിനു വേണ്ടിയുള്ള യാത്രകൾ , ശൂറകൾ etc….
എഴുതാനുള്ള വാപ്പയുടെ കഴിവും പ്രത്യേകമായിരുന്നു , അൽ ഇസ്‌ലാഹ് മാസികക്ക് വേണ്ടി എത്രയോ രാവുകൾ ഉപ്പ ഉറക്കമൊഴിച്ചിട്ടുണ്ട് , അതിലേക്കുള്ള ലേഖനം പൂർത്തിയായിട്ടില്ലങ്കിൽ വല്ലാത മനപ്രയാസമായിരുന്നു ഉപ്പാക്ക് .
എത്ര തവണ പ്രസംഗിച്ച വിഷയമാണെങ്കിലും പ്രസംഗത്തിനുള്ള നോട്ട് എഴുതാതെ എവിടേക്കും ഉപ്പ പോകാറില്ല .പ്രസംഗത്തിൽ വല്ല അബദ്ധങ്ങളും സംഭവിക്കാതിരിക്കാനാണെന്ന് പലരോടും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
” എന്ത് പുതിയ കാര്യങ്ങൾ കേട്ടലും അതൊക്കെ എഴുതി വെക്കണട്ടോ , അല്ലെങ്കിൽ അതൊക്കെ നഷ്ട്ടമാണ് ” ഇനിയങ്ങനെ ഉപദേശിക്കാൻ വാപ്പയില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി .
വാപ്പയോടുള്ള ആദരവ് കാരണം കൂടുതലായി സംസാരിക്കാൻ എനിക്ക് അൽപ്പം പേടിയും , മടിയുമായിരുന്നു . തത്ഫലമായി വാപ്പയിൽ നിന്ന് ധാരാളം അറിവുകൾ കരസ്ഥമാക്കുന്നതിനതു തടസ്സമായി, ഇതെന്നും ഒരു വേദനയായി തുടരും .
*അറിവില്ലാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുമ്പോൾ മടിയും , ചോദിക്കാനുള്ള പേടിയുമുണ്ടായാൽ ധാരാളം ഇൽമ് നഷ്ട്ടപ്പെടുമെന്ന് വാപ്പയുടെ മരണം എനിക്കൊരു തിരിച്ചറിവായി .
കുർആൻ പഠനത്തിനുള്ള മുൻഗണന
ഉപ്പ മറ്റു വിഷയങ്ങളേക്കാൾ പ്രാധാന്യം ഖുർആനിന് നൽകുമായിരുന്നു ,കാരണം അതാണല്ലോ സംസാരങ്ങളിൽ ഏറ്റവും നല്ലത് . അതു കൊണ്ടാകാം എട്ടാം വയസ്സിൽ എന്നെ കുർആൻ പഠിക്കാൻ പറഞ്ഞയച്ചത് , പഠനശേഷവും എന്റെ ഹിഫ്ള് മറക്കാതെ നില നിൽക്കാൻ എന്നേക്കാൾ ഏറെ ശ്രദ്ധ പുലർത്തിയതും ബാപ്പയായിരുന്നു . ഉപ്പ ദൂരെയെവിടെയെങ്കിലും പോയി വീട്ടിലേക്ക് ഫോൺ വിളിച്ചാൽ എന്നോടുള്ള ആദ്യത്തെ ചോദ്യം
” ഇപ്പാന്റെ കുട്ടിയിന്നെത്ര ജുസ്അ ഓതി ? ” ചിലപ്പോ ഓതിയില്ലങ്കിൽ വാപ്പന്റെ ചീത്ത കേൾക്കും . എന്നാലും ആ ചോദ്യമെന്നും എനിക്ക് നേട്ടം മാത്രമേ തന്നിട്ടുള്ളൂ . വീട്ടിൽ എല്ലാവരും ഒരുമിക്കുമ്പോഴും വാപ്പയുടെ പ്രധാന ചോദ്യം ഹിഫ്ളായിരിക്കും , ഇതേ നിലപാടാണ് ബാപ്പ താൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലും സ്വീകരിച്ചിട്ടുള്ളത് . അത് കൂടുതൽ നന്മയല്ലാതെ മറ്റൊന്നും നമുക്ക് വരുത്തിയിട്ടില്ല .
ദിക്ർ , ദുആ പതിവാക്കുന്നതിലുള്ള ശ്രദ്ധ
നിത്യജീവിതത്തിൽ നാം പതിവാക്കേണ്ട പല ദുആകളും അർത്ഥമറിയിച്ച് ഞങ്ങളെ പഠിപ്പിക്കുന്നതിൽ ഉപ്പാക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നു . *” മനുഷ്യ ശത്രുവായ ശൈയ്ത്വാനിൽ നിന്ന് രക്ഷ നേടാൻ ബാപ്പാന്റ കുട്ടേള് ഇത് നിർബന്ധായും പഠിക്കണട്ടോ.. “* എന്ന ഉപദേശമാണ് ഇപ്പോഴും ദിക്ർ ചെല്ലാനുള്ള പ്രേരണ . ചെറുപ്പത്തിൽ ഉപ്പയുടെ കൈയും പിടിച്ച് സുബഹിന് പളളിയിലേക്ക് നടക്കുന്നതിനിടയിൽ പല പ്രാർത്ഥനകളും ബാപ്പ എന്നെ കാണാപാഠം പഠിപ്പിച്ചു . ഇതിനായി പ്രാർത്ഥനാ ബുക്കുകളും വീട്ടിൽ ബാപ്പ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.
ഞങ്ങളുടെ മർക്കസിലും ബാപ്പയുടെ ആഗ്രഹവും അതു തന്നെയായിരുന്നു .അതിനായി പ്രാർത്ഥനാ ബുക്കുകൾ എല്ലാവർക്കും ബാപ്പ നൽകിയിരുന്നു . അത് മനപ്പാഠമാക്കാത്തതിന്റെ പേരിൽ ഞങ്ങൾക്ക് അടി കിട്ടിയത് ഇന്നും ഓർക്കന്നു .
സലഫുകളുടെ പാതയിൽ മുന്നേറാം,
” ഇസ്തിക്വാമതോടെ “
അല്ലാഹുവിന്റെ തീരുമാനങ്ങളെ കുറ്റപ്പെടുത്താനോ , ചോദ്യം ചെയ്യാനോ , എതിർക്കുവാനോ ഒരു മുസ്‌ലിമിന് അനുവദനീയമല്ലല്ലോ … അതിനാൽ റബ്ബിന്റെ തീരുമാനങ്ങൾക്ക് പൂർണ്ണ സംതൃപ്തിയോടെ കീഴൊതുങ്ങലും , അല്ലാഹു നമുക്ക് നൽകിയ മുസീബത്തുകളിൽ ക്ഷമ അവലംബിക്കലുമാണ് ഒരു മുസ്‌ലിമിന് ഏറ്റവും അനുയോജ്യമായത് .
മരണം വരെ ദീനിൽ അടിയുറച്ച് നിൽക്കാനുള്ള പ്രാർത്ഥനകളടക്കം മുഹമ്മദ് നബി (صلى الله عليه وسلم ) നമ്മെ പഠിപ്പിച്ചിട്ടുണ്ട് .നമ്മുടെ അവസാനം നന്നായാൽ വരാനുള്ള ജീവിതത്തിൽ നമുക്ക് വിജയമാണല്ലോ … . വീട്ടിൽ ഞങ്ങളെല്ലാം ഒരുമിച്ച് കൂടുമ്പോഴെല്ലാം വാപ്പയുടെ അവസാന ഉപദേശം ഇതായിരുന്നു
” ദീനിൽ അവസാന കാലം വരെ നിലനിർത്തി തരാൻ നിങ്ങളെല്ലാം ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർത്ഥിക്കണം , കാരണം ഹിദായത്തിൽ ഉറപ്പിച്ച് നിർത്തുന്നവൻ അല്ലാഹു മാത്രമല്ലേ…. ”
” اللهُمَّ يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ “.
എന്ന പ്രാർത്ഥന ആദ്യമായി ഞാൻ കേട്ടതും , മന:പാഠമാക്കിയതും വാപ്പയുടെ ചുണ്ടുകളിൽ നിന്നായിരുന്നു. വാപ്പയുടെ അവസാന ദർസും ഈ വിഷയത്തിലായിരുന്നു , അത് ഞങ്ങൾക്കുള്ളൊരു വസിയ്യത്തായി തോന്നിപ്പോയി , ഒരു വിടവാങ്ങുന്നവന്റെ വാക്കുകൾ പോലെയും .
قدر الله و ما شاء فعل
അല്ലാഹു എന്ത് തീരുമാനിക്കുന്നുവോ അതല്ലാഹു പ്രവർത്തിക്കും , അതിൽ ഒരു മുഅമിനിന് നന്മയല്ലാതെ മറ്റൊന്നുമില്ല , അതിലെ യുക്തി നമുക്ക് മനസ്സിലായിട്ടില്ലെങ്കിലും ശരി.
അതെ , തൗഹീദിന്റേയും , സുന്നത്തിന്റേയും പാതയിൽ സലഫുകളുടെ ചര്യയനുസരിച്ച് നമുക്ക് കൂടുതൽ കരുത്തോടെ മുന്നേറാം – അല്ലാഹു നമ്മെ സഹായിക്കട്ടെ –
അല്ലാഹുവിന്റെ കലാം നമുക്കൊപ്പമുണ്ട് ,
നബിയുടെ സുന്നത്തുകളിവിടെ നില നിൽക്കുന്നുണ്ട് , സലഫുകളുടെ ജീവിതം നമുക്കൊരു പാഠമായുണ്ട് , പണ്ഡിത്മാരുടെ കിതാബുകൾ നമുക്കൊരു വഴികാട്ടികളായുണ്ട് പിന്നെയെന്തിന് നാം ശങ്കിച്ചു നിൽക്കണം , മുന്നോട്ട് പോവാം കൂടുതൽ ഉന്മേഷത്തോടെ, സലഫുകൾ പോയതുപോലെ .
-അല്ലാഹു നമ്മെ സഹായിക്കട്ടെ –
്ത മനപ്രയാസമായിരുന്നു ഉപ്പാക്ക് .
എത്ര തവണ പ്രസംഗിച്ച വിഷയമാണെങ്കിലും പ്രസംഗത്തിനുള്ള നോട്ട് എഴുതാതെ എവിടേക്കും ഉപ്പ പോകാറില്ല .പ്രസംഗത്തിൽ വല്ല അബദ്ധങ്ങളും സംഭവിക്കാതിരിക്കാനാണെന്ന് പലരോടും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
” എന്ത് പുതിയ കാര്യങ്ങൾ കേട്ടലും അതൊക്കെ എഴുതി വെക്കണട്ടോ , അല്ലെങ്കിൽ അതൊക്കെ നഷ്ട്ടമാണ് ” ഇനിയങ്ങനെ ഉപദേശിക്കാൻ വാപ്പയില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി .
വാപ്പയോടുള്ള ആദരവ് കാരണം കൂടുതലായി സംസാരിക്കാൻ എനിക്ക് അൽപ്പം പേടിയും , മടിയുമായിരുന്നു . തത്ഫലമായി വാപ്പയിൽ നിന്ന് ധാരാളം അറിവുകൾ കരസ്ഥമാക്കുന്നതിനതു തടസ്സമായി, ഇതെന്നും ഒരു വേദനയായി തുടരും .
*അറിവില്ലാത്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുമ്പോൾ മടിയും , ചോദിക്കാനുള്ള പേടിയുമുണ്ടായാൽ ധാരാളം ഇൽമ് നഷ്ട്ടപ്പെടുമെന്ന് വാപ്പയുടെ മരണം എനിക്കൊരു തിരിച്ചറിവായി .
സ്വലാഹീ .. “* എന്ന് നീട്ടി വിളിക്കാൻ എനി വാപ്പയില്ലെങ്കിലും ശരി ,
ഉപ്പ നടന്ന വഴികൾ നമുക്ക് മുന്നിൽ അടക്കപ്പെടുന്നില്ല , വാപ്പയുടെ ലെബ്രറിക്ക് പൂട്ട് വീഴുന്നില്ല , വാപ്പ തുടങ്ങി വെച്ച പല സംരഭങ്ങളും ഉപേക്ഷിക്കപ്പെടുന്നില്ല . മറിച്ച് അറിവന്വേഷിക്കുന്ന ഏതൊരാൾക്കു മുന്നിലും ഇവയെല്ലാം മുമ്പത്തേക്കാൾ കൂടുതൽ തുറക്കപ്പെട്ടിരിക്കുന്നു .
എഴുതാൻ എനിയുമുണ്ട് ഒരുപാട് , പറയാൻ കൊതിയുണ്ട് വല്ലാതെ, തൽക്കാലം ഇവിടെ നിർത്തട്ടെ..,
അല്ലാഹു ഉപ്പയുടെ എല്ലാ സൽകർമ്മങ്ങളും സ്വീകരിക്കുമാറാകട്ടെ , മനുഷ്യസഹജമായ തെറ്റുകൾ അല്ലാഹു പൊറുത്തു മാപ്പാക്കട്ട.. ഉപ്പയേയും നമ്മെളെയെല്ലാം നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ …ആമീൻ